തിയറ്ററുകളെ ഇളക്കിമറിക്കാൻ അടുതോമ വീണ്ടും; മോഹൻലാലിന്‍റെ സൂപ്പർ ഹിറ്റ് ചിത്രം സ്ഫടികം റീ-റിലീസിന്

26 വർഷം മുമ്പ് 1995ൽ കേരളക്കരയിലെ തിയറ്ററുകളെ ഇളക്കി മറിച്ച ബോക്സോഫീസ് സൂപ്പർ ഹിറ്റ് ആയിരുന്നു മോഹൻലാൽ-ഭദ്രൻ കൂട്ടുകെട്ടിൽ പിറന്ന സ്ഫടികം. മുട്ടനാടിന്‍റെ ചങ്കിലെ ചോര കുടിക്കുന്ന ആടുതോമ എന്ന കഥാപാത്രം മോഹൻലാലിന്‍റെ കരിയറിൽ വലിയ ബ്രേക്കായിരുന്നു സമ്മാനിച്ചത്. ചിത്രം പുറത്തിറങ്ങി 26 വർഷം പിന്നിടുമ്പോൾ വീണ്ടും തിയറ്ററുകളിലെത്തിക്കുകയാണ് സംവിധായകൻ ഭദ്രൻ. രണ്ടു കോടിയിലേറെ മുടക്കി നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ സംവിധായകൻ ഭദ്രൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Spadikam re release poster

സ്ഫടികത്തിന്‍റെ ഇരുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് 2020 ഏപ്രിലിൽ ചിത്രം റീ-റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക്ഡൌൺ വന്നതോടെ ആ പദ്ധതി മാറ്റിവെക്കേണ്ടി വന്നു. ഇപ്പോഴിതാ, തീയറ്ററുകൾ തുറന്ന സാഹചര്യത്തിലാണ് സ്ഫടികന്‍റെ 26-ാം വാർഷികത്തോട് അനുബന്ധിച്ച് ചിത്രം റീ-റിലീസ് ചെയ്യാൻ പോകുന്നത്. കേരളത്തില്‍ 200 ദിവസത്തിലേറെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച്‌ വലിയ വിജയമായി മാറിയ ചിത്രമായിരുന്നു സ്‌ഫടികം

സംവിധായകൻ ഭദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ആടുതോമയെ ഒരു നിധിപോലെ ഹൃദയത്തില്‍ സൂക്ഷിച്ച ലാല്‍ മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ്സ് എന്ന് എന്നെ ഓര്‍മപ്പെടുത്തിയപ്പോള്‍ ഒരു സമുദ്രം നീന്തിക്കടക്കാനുള്ള ആവേശം തോന്നി. കോവിഡ് ഉണ്ടാക്കിവച്ച തടസങ്ങള്‍ ഭേദിച്ചുകൊണ്ട് ആടുതോമയെ വീണ്ടും ബിഗ്സ്‌ക്രീനിലേക്ക് എത്തിക്കാന്‍ ഒരുക്കി കൊണ്ടിരിക്കുകയാണ് Geometrics Film House. പിറന്നാളിനോടാനുബന്ധിച്ചു ഇറക്കാനിരുന്ന Digital 4k Teaser തിരഞ്ഞെടുപ്പ് ചൂട് ആറി രണ്ട് മഴക്കു ശേഷം കുളിരോടെ കാണിക്കാന്‍ എത്തുന്നതായിരിക്കും. ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ റിലീസ് ഉണ്ടാകുമെന്ന് ഭദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ സൂചിപ്പിച്ചിരിക്കുകയാണ്. മിനി സ്ക്രീനില്‍ മാത്രം കണ്ട സ്ഫടികം ബിഗ് സ്ക്രീനില്‍ കാണാന്‍ കഴിയുമെന്ന ആവേശത്തിലാണ് മോഹന്‍ലാല്‍ ആരാധകര്‍. കാത്തിരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *