വിജയ്‌യുടെ മാസ്റ്റർ കമലഹാസൻ ചിത്രത്തിന്റെ റീമേക്ക്? സമൂഹമാധ്യമങ്ങളിൽ ചൂടുപിടിച്ച് ചർച്ച..

ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. കാർത്തി നായകനായ കൈതി എന്ന ചിത്രമൊരുക്കിയ ലോകേഷ് കനകരാജ് ആണ് മാസ്റ്റർ സംവിധാനം ചെയ്യുന്നത്. ഏപ്രിൽ ഒമ്പതിന് റിലീസ് ചെയ്യാനിരുന്ന ചിത്രം എന്നാൽ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ മറ്റൊരു അഭ്യൂഹം കാരണമാണ് മാസ്റ്റർ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കമലഹാസൻ നായകനായ “നമ്മവർ” എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് മാസ്റ്റർ എന്നാണ് പുതിയ അഭ്യൂഹങ്ങൾ. ഇത് സംബന്ധിച്ച് തിരക്കിട്ട ചർച്ചയിലാണ് വിജയ് ആരാധകരും പ്രേക്ഷകരും ഒരു പോലെ.

1994 വർഷത്തിൽ കേ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത കമലഹാസൻ ചിത്രമാണ് നമ്മവർ. ഒരു കോളേജ് പ്രിൻസിപ്പാളിന്റെ വേഷത്തിൽ ആണ് കമലഹാസൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഗൗതമി ആണ് നായികയായി എത്തുന്നത്. മോശം അവസ്ഥയിൽ മുന്നോട്ട് പോയിക്കൊണ്ടിരുന്ന ഒരു കോളേജിനെ മികച്ച ഒരു കലാലയം ആക്കി മാറ്റിയെടുക്കുന്ന പ്രിൻസിപ്പാളിന്റെ കഥയാണ് ചിത്രം പറയുന്നത്. എന്നാൽ മാസ്റ്റർ സിനിമയുടെ കഥ എന്താണ് എന്നത് സംബന്ധിച്ച് ഒരു ഔദ്യോഗിക വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. രണ്ടു സിനിമകളിലും ഇരുവരുടെയും വസ്ത്രധാരണം ഒരുപോലെയുള്ള ഫോട്ടോകൾ ശ്രദ്ധയിൽപ്പെട്ടതോടെ ആണ് ഇത്തരമൊരു അഭ്യൂഹത്തിന് തുടക്കമായത്. എന്നാൽ ഇത് കേവലം യാദൃശ്ചികം ആകാം എന്നാണ് പലരും കരുതുന്നത്.

വിജയ് ഒരു കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് മാസ്റ്റർ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. തുല്യപ്രാധാന്യമുള്ള വില്ലൻ കഥാപാത്രമായി വിജയ് സേതുപതിയും എത്തുന്നു. മാളവിക മോഹൻ ആണ് ചിത്രത്തിലെ നായിക. അർജുൻ ദാസ്, ശാന്തനു ഭാഗ്യരാജ്, ആൻഡ്രിയ ജെർമിയ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡൽഹി, ചെന്നൈ, കർണാടക, നെയ്‌വേലി എന്നിവിടങ്ങളിൽ നിന്നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ചിത്രം കൊറോണ പ്രതിസന്ധികൾക്ക് ശേഷം ജൂൺ 22ന് പ്രദർശനത്തിനെത്തും എന്നാണ് കരുതപ്പെടുന്നത്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *