movie

ലോക്ക്ഡൗൺ: 2020ലെ മലയാള സിനിമ ഡിജിറ്റൽ റിലീസ് പാതയിലോ?

29Views

സംവിധാനം ചെയ്ത ധമാക്കയിലൂടെയായിരുന്നു മലയാള സിനിമ പുതിയ വര്ഷം ആരംഭിച്ചത്. മാർച്ച് നാലിനാണ് ഏറ്റവും ഒടുവിലായി സിനിമകൾ തിയേറ്ററിൽ റിലീസായത്

തമിഴിൽ ജ്യോതികയുടെ ‘പൊന്മകൾ വന്താൾ’ ഡിജിറ്റൽ റിലീസിന് തയാറെടുക്കുന്നു എന്ന വാർത്ത ഇന്ത്യൻ സിനിമയുടെ പുത്തൻ വഴിത്തിരിവിലേക്കാണ് കൊണ്ടെത്തിച്ചത്. വാർത്തയറിഞ്ഞതും തിയേറ്റർ ഉടമകൾ കലിപൂണ്ടു. തിയേറ്ററിൽ എത്താതെ ഒരു സിനിമ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിൽ പ്രദർശിപ്പിക്കുന്നതിനെതിരെ പ്രതിഷേധം കടുത്തു. സൂര്യയുടെ ചിത്രങ്ങൾ ബഹിഷ്‌ക്കരിക്കുമെന്നും ഉടമകൾ ഭീഷണിപ്പെടുത്തി. എന്നാൽ മലയാള സിനിമയും ആ വഴിക്കെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡിജിറ്റൽ റിലീസ് പ്ലാറ്റുഫോമുകളുമായി സിനിമാ നിർമ്മാതാക്കൾ ചർച്ചയിലാണെന്ന് സൂചന. എങ്കിൽ മലയാള ചിത്രങ്ങൾ ഡിജിറ്റൽ റിലീസിന് എത്തിയേക്കും. 2020ലെ സിനിമ എവിടെ വരെ എത്തിനിൽക്കുന്നു എന്നും ഏതു ദിശയിലേക്കാണ് യാത്രയെന്നും ഒരു പരിശോധന

ഒമർ ലുലു സംവിധാനം ചെയ്ത് നിക്കി ഗൽറാണി, ഉർവശി, മുകേഷ്, സലിം കുമാർ, ധർമ്മജൻ ബോൾഗാട്ടി എന്നിവർ വേഷമിട്ട ‘ധമാക്ക’യിലൂടെയായിരുന്നു 2020ലെ മലയാള സിനിമയുടെ തുടക്കം. ജനുവരി രണ്ടിനാണ് ഈ ചിത്രം തിയേറ്ററിലെത്തിയത്

തൊട്ടുപിന്നാലെ, ജനുവരി മൂന്നിന്, തല്ലുംപിടി, മാർജാര ഒരു കല്ലുവച്ച നുണ, കുട്ടിയപ്പനും ദൈവദൂതനും, സമീർ, വേലത്താൻ തുടങ്ങിയ സിനിമകൾ ഇറങ്ങി

ഈ സിനിമകൾക്ക് ശേഷം തിയേറ്ററിലെത്തിയ ചിത്രം ബോക്സ് ഓഫിസിനെ പിടിച്ചു കുലുക്കിയുള്ള വരവായിരുന്നു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ നായകനായ അഞ്ചാം പാതിര ദൃശ്യത്തിന് ശേഷം മലയാള സിനിമ കണ്ട മികച്ച ക്രൈം ത്രില്ലർ ചിത്രമായി

50 കോടി ക്ലബ്ബിൽ കയറിയ ചിത്രം 65 ദിവസം തിയേറ്ററിൽ ഓടി എന്ന പ്രത്യേകതയുമുണ്ട്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യില്ലെന്ന് തുടക്കത്തിൽ സംവിധായകൻ മിഥുൻ മാനുവൽ തോമസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ലോക്ക്ഡൗൺ നാളുകളിൽ പ്രേക്ഷകരുടെ ആവശ്യം കൂടി പരിഗണിച്ച് സിനിമ ഡിജിറ്റൽ റിലീസ് നടത്തുകയായിരുന്നു

ഇതിന് ശേഷം സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ തിയേറ്ററിലെത്തി

മോഹൻലാലിന്റെ ബിഗ് ബ്രദർ ജനുവരി 16ന് തിയേറ്ററിലെത്തി. ഏറെ നാളുകൾക്കു ശേഷം സിദ്ധിഖ്-മോഹൻലാൽ കൂട്ടുകെട്ട് സ്‌ക്രീനിൽ ഒന്നിച്ച ചിത്രമായിരുന്നു ഇത്. സമ്മിശ്രപ്രതികരണങ്ങളോടെയാണ് ചിത്രം പ്രദർശനം തുടർന്നത് 

ജനുവരി 23ന് മമ്മൂട്ടി ചിത്രം ഷൈലോക്ക് വെള്ളിത്തിരയിലെത്തി. അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രത്തിലെ തഗ് കഥാപാത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു

പരീക്ഷണ ചിത്രങ്ങൾക്ക് തയാറാവുന്ന E4 എന്റെർറ്റൈന്മെന്റിന്റെ ജയസൂര്യ ചിത്രം അന്വേഷണം വ്യത്യസ്ത ശൈലിയുടെ പേരിൽ ശ്രദ്ധിക്കപ്പെട്ടു. പ്രശോഭ്‌ വിജയൻ സംവിധാനം ചെയ്ത ചിത്രം തിയേറ്ററിലെത്തിയത് ജനുവരി 31നായിരുന്നു

കൊറോണയുടെ പ്രഭാവം ആരംഭിക്കുന്നത് ഏകദേശം ഇതിനടുത്താണ്.രാജ്യത്തെ തന്നെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. ചെറിയ പരിഭ്രാന്തി സൃഷ്‌ടിച്ച വേളയിൽ ആണ് അന്വേഷണം, ഗൗതമിന്റെ രഥം, ഒരു വടക്കൻ പെണ്ണ്, കാറ്റ് കടൽ അതിരുകൾ തുടങ്ങിയ ചിത്രങ്ങൾ റിലീസായത്

പക്ഷെ ഡിജിറ്റൽ റിലീസിന് ശേഷം, ഒരാളുടെ ആദ്യ വാഹനമെന്ന തന്തുവിൽ ഊന്നിയ പ്രമേയത്തിന് ‘ഗൗതമിന്റെ രഥം’ മികച്ച പ്രതികരണം നേടി

പൃഥ്വിരാജ്-ബിജു മേനോൻ എന്നിവരുടെ മത്സര അഭിനയത്തിന് പ്രേക്ഷകർ സാക്ഷിയായ ചിത്രമാണ് ഫെബ്രുവരി ഏഴിനിറങ്ങിയ അയ്യപ്പനും കോശിയും. തിരക്കഥാകൃത്തായ സച്ചി അനാർക്കലിക്ക് ശേഷം അതെ നായകന്മാരെ വച്ച് പുറത്തിറക്കിയ ചിത്രം ഹിറ്റടിച്ചാണ് തിയേറ്റർ വിട്ടത്

ഒരേ ദിവസം റിലീസ് ചെയ്ത ‘അയ്യപ്പനും കോശിയും’, ‘വരനെ ആവശ്യമുണ്ട്’ സിനിമകളുടെ മത്സരയോട്ടമായിരുന്നു പിന്നീട്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യന്റെ ആദ്യ ചിത്രം. നീണ്ട നാളുകൾക്ക് ശേഷം ഒരുകാലത്തെ മികച്ച ജോഡികളായിരുന്ന ശോഭന, സുരേഷ് ഗോപി എന്നിവർ വീണ്ടും ഒന്നിച്ച ‘വരനെ ആവശ്യമുണ്ട്’, ഫീൽ ഗുഡ് ഫാമിലി എന്റെർറ്റൈനെർ എന്ന പേരിൽ പ്രേക്ഷകരുടെ മനം കവർന്ന ചിത്രമാണ്. നിർമ്മാതാവെന്ന നിലയിൽ ദുൽഖർ സല്മാന് മികച്ച എൻട്രി കിട്ടിയ ചിത്രം കൂടിയായി ‘വരനെ ആവശ്യമുണ്ട്’ മാറി 

ഒരു കംപ്ലീറ്റ് ഫഹദ് ഷോയെന്ന് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറഞ്ഞ ‘ട്രാൻസ്’ ആയിരുന്നു, അടുത്തതായി തിയേറ്ററിലെത്തിയ സ്റ്റാർ ചിത്രം. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം അമൽ നീരദ് അണിയിച്ചൊരുക്കിയ ചിത്രം സ്വന്തം നിലയിൽ നിന്നുകൊണ്ട് ഫഹദ് കയ്യടി വാങ്ങിത്തന്ന സിനിമയായി. മതത്തിന്റെ പേരിലെ കച്ചവടത്തിനെതിരെ നിശിത വിമർശനം ഉയർത്തിയ ‘ട്രാൻസ്’ കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം ഫഹദിന്റെ വിരലടയാളം പതിഞ്ഞ മറ്റൊരു സിനിമയായി

ബാംഗ്ലൂർ ഡെയ്‌സിന് ശേഷം ഫഹദ്-നസ്രിയ ദമ്പതികളുടെ ഒന്നിച്ചുള്ള വരവും പ്രേക്ഷകർ ഏറ്റെടുത്തു

ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ ചെറിയ ബജറ്റ് സിനിമകളുടെ കൂട്ടത്തിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, ഫോറൻസിക്, വെയില്മരങ്ങൾ, ഭൂമിയിലെ മനോഹര സ്വകാര്യം, ഇഷ, ലവ് എഫ്.എം., ചിത്രങ്ങൾ ഇറങ്ങി

അഞ്ചാം പാതിരക്ക് ശേഷം മറ്റൊരു മികച്ച ക്രൈം ത്രില്ലർ തിരക്കഥയുമായെത്തിയ ടൊവിനോ തോമസ് ചിത്രം ‘ഫോറൻസിക്’ നല്ല പ്രതികരണമാണ് നേടിയത്. വർഷത്തെ ആദ്യ ചിത്രം ടൊവിനോ തോമസിന് മികച്ച മൈലേജ് നൽകിയിരുന്നു

ഹെലനിലൂടെ തന്റെ അഭിനയ പാടവത്തിന് മികച്ച അഭിപ്രായം നേടിയ അന്ന ബെന്നിന്റെ കപ്പേളയുൾപ്പെടെയുള്ള ചിത്രങ്ങളാണ് കേരളത്തിൽ ഏറ്റവും ഒടുവിലായി റിലീസായ ചിത്രങ്ങൾ. കപ്പേള, ടു സ്റ്റേറ്റ്സ്, കോഴിപ്പോര്, വർക്കി സിനിമകൾ മാർച്ച് നാലിന് തിയറ്ററിലെത്തി. എന്നാൽ കോവിഡ് ഭീതി പിടിമുറുക്കിയതോടു കൂടി ഈ സിനിമകൾ ഓട്ടം അവസാനിപ്പിക്കേണ്ടതായി വന്നു

ഫോറെൻസിക്കിലൂടെ മികച്ച തുടക്കം കാഴ്ചവച്ച ടൊവിനോ തോമസിന്റെ ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ മാർച്ച് 12ന് റിലീസ് പ്രതീക്ഷിച്ച ചിത്രമാണ്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് മലയാളത്തിൽ റിലീസ് മാറ്റിവച്ച വിവരം ആദ്യമായി പ്രഖ്യാപിച്ചതും ഈ ചിത്രമാണ്

ഇതിനിടെ കേരളത്തിൽ വന്ന മൊഴിമാറ്റ ചിത്രങ്ങളിൽ നല്ല അഭിപ്രായം നേടിയവയിൽ ഒന്നായി മാറി അല്ലു അർജുന്റെ ‘അങ്ങ് വൈകുണ്ഠപുരത്ത്’. തെലുങ്ക് സിനിമകൾക്ക് മികച്ച മാർക്കറ്റ് ഉള്ള കേരളത്തിൽ ഈ അല്ലു ചിത്രവും പ്രതീക്ഷ തെറ്റിച്ചില്ല

കുഞ്ഞാലി മരക്കാരുടെ കഥപറയുന്ന, മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലെ ബിഗ് ബജറ്റ് ചിത്രം ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ മാർച്ചിൽ റിലീസ് ഉണ്ടാവുമെന്ന കാത്തിരിപ്പിലായിരുന്നു. മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ എന്നിവർ നായികാ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. മോഹൻലാലിന്റെ ചെറുപ്പകാലം പ്രണവ് മോഹൻലാൽ അവതരിപ്പിക്കും. എന്നാൽ ഈ ചിത്രം തിയേറ്റർ റിലീസിനായി കാത്തിരിക്കുകയാണെന്നാണ് വിവരം

മുഖ്യമന്ത്രി കടക്കൽ ചന്ദ്രന്റെ വേഷത്തിൽ മമ്മൂട്ടിയെ കാണാവുന്ന ചിത്രം ‘വൺ’ ഏറ്റവും പുതിയ റിലീസ് തിയതിയായി നൽകിയിരിക്കുന്നത് മെയ് 22 ആണ്. ബോബി സഞ്ജയ് തിരക്കഥയെഴുതി, സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്നതാണ് ഈ ചിത്രം. എന്നാൽ വിഷു, വേനലവധി ചിത്രങ്ങൾ ഇല്ലാതിരുന്ന കേരളത്തിൽ റംസാൻ റിലീസുകളും നിലവിലെ സാഹചര്യത്തിൽ മലയാളത്തിൽ ഉണ്ടാവാനിടയില്ല

അനൂപ് മേനോൻ സംവിധാനം നിർവഹിച്ച് അനൂപ് മേനോനും രഞ്ജിത്തും പ്രധാന വേഷങ്ങളിലെത്തുന്ന കിംഗ് ഫിഷ് മെയ് മാസം റിലീസിന് തയാറെടുക്കുന്ന ചിത്രമായിരുന്നു

സണ്ണി വെയ്‌നിന്റെ അനുഗ്രഹീതൻ ആന്റണി, ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്യുന്ന നിത്യ മേനോൻ ചിത്രം കോളാമ്പി, കുഞ്ചാക്കോ ബോബൻ ചിത്രം പട തുടങ്ങിയ ചിത്രങ്ങൾ പൂർത്തിയായിട്ടുണ്ട്

ഇതിനിടെ രണ്ടു മലയാള ചിത്രങ്ങളുടെ ഷൂട്ടിംഗ് വിദേശത്ത് പുരോഗമിക്കുകയാണ്. പൃഥ്വിരാജ് നായകനായി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം ‘ആടുജീവിതം’ ഈ ലോക്ക്ഡൗൺ നാളുകളിൽ ജോർദാനിൽ പുരോഗമിക്കുകയാണ്. കടുത്ത പ്രതിസന്ധികൾ തരണം ചെയ്‌തും ഇവിടെ ചിത്രീകരണം നടക്കുന്നു 

ആഫ്രിക്കയിലെ ജിബൂട്ടിയിൽ ദിലീഷ് പോത്തൻ ചിത്രം ‘ജിബൂട്ടി’ പുരോഗമിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ചിത്രീകരണം. സംവിധായകൻ എസ്.ജെ. സിനു, ഛായാഗ്രാഹകൻ ടി.ഡി. ശ്രീനിവാസ്, ദിലീഷ് പോത്തൻ, ഗ്രിഗറി, അമിത് ചക്കാലക്കൽ, ഷാഗുൻ ജയ്‌സ്വാൾ, അഞ്ജലി നായർ എന്നിവർ ഉൾപ്പെടുന്ന 70 പേരുടെ സംഘമാണ് ഇവിടെയുള്ളത്

Leave a Reply