മാസ്റ്റർ അപ്ഡേറ്റ്: കഥാപാത്രത്തിന്റെ പേരും വിവരങ്ങളും വെളിപ്പെടുത്തി അണിയറക്കാർ

ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. കൈതി എന്ന കാർത്തി ചിത്രമൊരുക്കിയ ലോകേഷ് കനകരാജ് ആണ് മാസ്റ്റർ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മാർച്ച് 15ന് ചെന്നൈയിൽ വെച്ച് നടന്നിരുന്നു. മാർച്ച് 22ന് ചിത്രത്തിന്റെ ട്രെയിലർ വരാൻ ഇരിക്കുകയാണ്. ഒരു മദ്യപാനി ആയ കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തുന്നത് എന്ന് മാത്രമായിരുന്നു ഇതുവരെ കഥാപാത്രത്തെ സംബന്ധിച്ച് പുറത്തുവിട്ടിരുന്നു വിവരം. എന്നാൽ ഇപ്പോൾ കൂടുതൽ വിവരങ്ങൾ അണിയറക്കാർ തന്നെ പുറത്ത് വിടുകയാണ്.

ജോൺ ദുരൈരാജ് എന്നാണ് വിജയ്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സെന്റ്. ജെഫ്രിസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ ഡീൻ ഓഫ് സ്റ്റുഡന്റ്സ് ആണ് ജോൺ ദുരൈരാജ്. ഫിലിം ട്രാക്കർ കൗശിക് ആണ് ഇത് സംബന്ധിച്ച വിവരം ട്വിറ്റർ വഴി പുറത്തുവിട്ടത്. ഡൽഹിയിലെ പ്രശസ്തമായ ശ്രീരാം കോളേജ് ഓഫ് കൊമേഴ്സിൽ വെച്ചായിരുന്നു ക്യാമ്പസ് രംഗങ്ങൾ ചിത്രീകരിച്ചത്. ചിത്രത്തിലെ നായിക മാളവിക മോഹനൻ അടക്കമുള്ളവർ ഈ ഷെഡ്യൂളിലെ ഭാഗമായിരുന്നു.

വിജയ് സേതുപതി, അർജുൻ ദാസ്, ആൻഡ്രിയ ജെർമിയ, ശന്തനു ഭാഗ്യരാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഏപ്രിൽ 9ന് തീയേറ്ററുകളിലെത്തും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസ് തീയതി നീട്ടി വെയ്ക്കും എന്നാണ് അറിയാൻ കഴിയുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി നീട്ടി വെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് തമിഴ്നാടിന് പുറത്തുനിന്നുള്ള ചിത്രത്തിന്റെ വിതരണക്കാർ നിർമാതാക്കളെ അടുത്തിടെ സമീപിച്ചിരുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരം ഇനിയും പുറത്തു വരാൻ ഇരിക്കുവാണ്.

Leave a Reply

Your email address will not be published. Required fields are marked *