പതിവില്ലാതെ മോളെ എന്ന് വിളിക്കുന്നു, ചായ ഇങ്ങേര്‍ക്കിതെന്തു പറ്റി..

വിശ്വാസം അതല്ലേ എല്ലാം
(രചന: Darsana S Pillai)

‘ദെച്ചൂ…മോളേ…ദെച്ചൂസേ….ഉണര്‍ന്നേ…’

അതിരാവിലെ അതിമനോഹരമായ ശബ്ദം കേട്ടാണ് ഞാനെന്‍റെ കണ്‍പോളകള്‍ വലിച്ച് തുറന്നത്….

മുന്‍പില്‍ ക്ലോസപ്പിന്‍റെ പരസ്യമോഡലിനെപ്പോലെ ഇളിച്ച് നില്‍ക്കുന്ന മഹാനെ കണ്ട് പൊതുവേ തള്ളിയ കണ്ണ് ഒന്നൂടി തള്ളിപ്പോയി…

സ്വപ്നം അല്ലെന്ന് ഉറപ്പിക്കാന്‍ കണ്ണ് തിരുമ്മി തുറന്ന് നോക്കി..

അതേ മുഖം…അതേ ഇളി…

സംഭവം മറ്റാരുമല്ലാ….

എന്‍റെ സ്വന്തം സല്‍ഗുണ സമ്പന്നനായ (വെറുതേ..) ഒരേയൊരു കെട്ടിയോന്‍…കൈയ്യില്‍ ചൂട് പാറുന്ന ചായയും…

ക്ലോക്കിലെ കിളി പുറത്തേക്ക് വന്ന് മൂന്ന് പ്രാവശ്യം ചിലച്ചിട്ട് വീണ്ടും കിടന്നുറങ്ങാന്‍ അകത്തേക്ക് കയറിപ്പോയി…

‘ദൈവമേ…! വെളുപ്പാന്‍ കാലത്ത് മൂന്നുമണി…’

ആറു മണി ആയാലും തലേക്കൂടി വെള്ളം ഒഴിക്കാതെ എണീക്കാത്ത മനുഷ്യനാണ്…
ഇന്നെന്താ ഇങ്ങനൊരു പതിവ്…

‘ചായ കുടിക്കെഡാ..ഉറക്കമൊക്കെ പോയ്ക്കോളും…നമുക്ക് ഒരിടം വരെ പോകാനുണ്ട്…’

എന്‍റെ അന്തംവിട്ട് കുന്തം വിഴുങ്ങിയ കോലം കണ്ട്
തലയ്ക്കിട്ടൊരു കൊട്ടും തന്ന് ആള് പുറത്തേക്ക് പോയി…

പല്ല് തേക്കാതെ ചായ കുടിക്കാന്‍ പറയണ കൂതറ കെട്ടിയോന്‍..

ഇനിയും കിടന്നാല്‍ ചൂട് ചായ ചിലപ്പോള്‍ തല വഴി ഒഴിച്ച് എന്നും ഞാന്‍ വെള്ളം ഒഴിക്കുന്നേനു പ്രതികാരം ചെയ്യുമെന്നറിയാവുന്നത് കൊണ്ട്..

ഒരു ലോഡ് പുശ്ചം എക്സന്‍ഡര്‍ വഴി സെന്‍ഡിയേച്ചും നേരെ ബാത്ത്റൂമിലേക്ക് വിട്ടു….

പല്ലിനോട് യുദ്ധം നടത്തുമ്പോഴും ഞാന്‍ ഗഹനമായ ചിന്തകളുടെ ഉള്‍ത്താളുകളില്‍ ഗതികിട്ടാതെ അലയുകയായിരുന്നു..(ആരും അടിക്കരുത്..ഇടയ്ക്ക് ഉള്ളിലെ സാഹിത്യം സടകുടഞ്ഞെഴുന്നേല്‍ക്കുന്നതാണ്..)

പതിവില്ലാതെ ‘മോളെ’ എന്ന് വിളിക്കുന്നു..ചായ…
ഇങ്ങേര്‍ക്കിതെന്തു പറ്റി…? എവിടെ പോകുന്ന കാര്യമാണീ പറയുന്നത്…?’

ഇനി വല്ല ഉല്‍ക്കയും തലയില്‍ വീണോ….
അറ്റ്ലീസ്റ്റൊരു മച്ചിങ്ങയെങ്കിലും വീണിട്ടുണ്ടാകുമോ….

‘അതേയ്…റെഡിയായിട്ട് വേഗം വന്നേ…ടൈമില്ലാ…’

പുറത്തൂന്നുള്ള കാറലൂടി കേട്ടപ്പോള്‍ ഉറപ്പായി…എന്തോ സംഭവമുണ്ട്….
അല്ലേല്‍ ഇങ്ങനെ കാറിപൊളിക്കൂല്ലാ….

ഇനിയും നിന്നാല്‍ നാട്ടുകാരുടെ മുഴുവന്‍ ഉറക്കം പോയികിട്ടും….അലറക്കത്തിന്‍റെ സ്പീഡ് കൂടി കൂടി വന്നു….

പുറത്തേക്ക് വന്നപ്പോഴേക്കും പുള്ളി കാറിലിരിപ്പാണ്…

ഇതെന്തു മറിമായം…കാറെടുത്തെങ്കില്‍ ഇവിടടുത്തേക്കാവില്ല…

‘വായിനോക്കി നിക്കാതെ ഗേറ്റ് പൂട്ടി കാറില്‍ കയറെഡീ…’

കാര്‍ മുന്നോട്ട് പോകുമ്പോഴും ഞാന്‍ ആലോചനയിലായിരുന്നു….

‘ഡീ എന്താ ഇത്ര ആലോചന…? ഉറക്കം വരുന്നേല്‍ ഉറങ്ങിക്കോ…’

‘അല്ല..ഇച്ചു..ഈ കൊച്ചുവെളുപ്പാന്‍ കാലത്തെങ്ങോട്ടാ പോണത്…’

‘അതൊക്കയുണ്ട്…സര്‍പ്രൈസ്…’

അല്ലേലും സര്‍പ്രൈസ് തരാന്‍ ന്‍റെ കെട്ടിയോനെ കഴിഞ്ഞേയുള്ളൂ….പക്ഷേ എല്ലാം അവസാനം എല്ലാം ചളമാവുകയാണ് പതിവ്…

അങ്ങനെ കുളമാക്കിയതാണ് മ്മടെ കല്യാണം പോലും..

ഇന്നിതെന്തു ചളമാക്കാനുള്ള പോക്കാണോ എന്തോ…

പതിയെ കാറിന്‍റെ വിന്‍ഡോ സീറ്റില്‍ ചാരിയിരുന്നു….

ഓര്‍മ്മകള്‍ ഒരു രണ്ടു വര്‍ഷം പിറകിലേക്കോടി…

ഈ അവിഞ്ഞ ചിരി എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നത് ഒരു ജൂലൈ മാസമായിരുന്നു..

പിന്നെന്താ..പൊക്കിപറയുവല്ലാ..വിവരക്കേടും വാശിയും കുറച്ച് കൂടുതലാണെങ്കിലും കുരുത്തക്കേടിനും തല്ല് കൊള്ളിത്തരത്തിനും യാതൊരു കുറവുമില്ല…. അതായിരുന്നു ഞാന്‍…

വീട്ടില്‍ അച്ഛ അമ്മ പിന്നൊരു അനിയനും….അങ്ങനെ ഹാപ്പി ഫാമിലി…

ഇടയ്ക്ക് കൊച്ച് കൊച്ച് കഥയെഴുതി (ഞാന്‍ കഥയെന്നൊക്കെ വിളിക്കും…കാര്യമാക്കണ്ടട്ടോ…) മുഖപുസ്തകത്തില്‍ പോസ്റ്റ് ചെയ്യും എന്നൊരു കുറ്റമേ ഞാന്‍ ചെയ്യുള്ളൂ…

ഒരു കഥയുടെ കമന്‍റും വായിച്ചിരിക്കുമ്പോഴാണ് ഫ്രണ്ട് റിക്വസ്റ്റില്‍ ഒരു അവിഞ്ഞ ചിരി പ്രത്യക്ഷപ്പെട്ടത്….

ഒറ്റ നോട്ടത്തില്‍ ഫേക്കല്ലന്ന് തോന്നി അങ്ങ് കൂടെ കൂട്ടി…

കുറച്ച് നാള്‍ കൊണ്ട് നല്ല ഫ്രണ്ടസായി…(അല്ലേലും മ്മള് നല്ല ഫ്രണ്ടലിയാണ്…ജാഡയുടെ സ്പെല്ലിംഗ് പോലും അറിയില്ല…)

കുറേ നാളുകള്‍ക്ക് ശേഷം ആള് സ്വന്തം ഹ്യദയം കുത്തിപ്പൊളിച്ച് വലിച്ച് തുറന്ന് കാട്ടി തന്നു..

സത്യം പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല…അതില്‍ നിറയെ പ്രണയമായിരുന്നു…

കാലക്രമേണ
മ്മടെ ഹ്യദയത്തിലും ചെറിയ രീതിയില്‍ ഒരു പ്രണയം മൊട്ടിട്ടിരുന്നു….
അതങ്ങ് പൂത്തുലഞ്ഞു….

പരസ്പരം കാണാതെ വരികളിലൂടെ മാത്രമുള്ള പ്രണയം…

പക്ഷേ ഏതൊരു കഥേലേയും പോലെ ഇതിലും ഉണ്ടായിരുന്നു വില്ലന്‍…..

മ്മടെ പ്രിയ അധ്യാപകന്‍…..

ഒടുക്കത്തെ പ്രണയം….

പ്രണയം കിട്ടില്ലാന്നുറപ്പായപ്പോള്‍ ആ മഹാന്‍ മ്മളെ ഒരാക്സിഡന്‍റിലൂടെ അങ്ങട് തീര്‍ക്കാന്‍ ശ്രമിച്ചു….

അത്ര പെട്ടന്ന് ദൈവത്തിന് വിളിക്കാനുദ്ദേശമില്ലാത്തതിനാല്‍ അത്യാവശ്യം നല്ല പരിക്കോടെ എസ്കേപ്പായെങ്കിലും
എന്നെ കാത്തിരുന്നത് അടുത്ത പ്രശ്നമായിരുന്നു…

ഒളിച്ചുവച്ചിരുന്ന പ്രണയം നല്ല രീതിയില്‍ പുറത്തായി…

ആക്സിഡന്‍റില്‍ എനിക്കെന്തോ പറ്റിയെന്ന് കരുതിയ പാവമായ ന്‍റെ മൂത്ത സഹോദരി കാര്യം കുളമാക്കി തന്നു…

ആദ്യം തന്നെ എല്ലാം കൈവിട്ടു പോയി…

വീട്ടിലും നാട്ടിലും ഭൂകമ്പം തന്നുണ്ടാക്കി…

ആര്‍ക്കും ഓണ്‍ലൈന്‍ പ്രേമത്തേലും ഒന്നിലും വിശ്വാസം ഉണ്ടായില്ല….

ഒപ്പം വിശ്വാസം ഉള്ള ന്‍റെ വീട്ടുകാരെ പറഞ്ഞിളക്കാനായി കുറച്ച് നാട്ടുകാരും കൂടി കൂടിയപ്പോള്‍ സംഗതി ജോറായി…

ഞാന്‍ വറചട്ടീന്ന് എരി തീയിലേക്ക് വീണ അവസ്ഥയിലും…

“എനിക്കെന്‍റെ മോളെ വിശ്വാസമാണ്…അവളുടെ തീരുമാനങ്ങളിലും എനിക്ക് വിശ്വാസമാണ്…ഇതവളുടെ ജീവിതമാണ്…അതില്‍ തീരുമാനം എടുക്കാനുള്ള പൂര്‍ണ്ണാധികാരം അവള്‍ക്കുള്ളതാണ്….”

അച്ഛയുടെ ഒറ്റ വാക്കില്‍ എല്ലാവരും ഒരുപോലെ നിശബ്ദരായി…..

അനിയനും കൂടി സപ്പോര്‍ട്ട് ചെയ്തതോടെ എന്‍റെ കാര്യത്തിലൊരു ഒന്നൊന്നര തീരുമാനമായി ……

പരിക്കുകള്‍ അത്യാവശ്യം നല്ലതായതിനാല്‍ ഒരു വര്‍ഷം റെസ്റ്റിന് ശേഷം എല്ലാത്തിനും എല്ലാവര്‍ക്കും ഒരു തീരുമാനമായി…

അങ്ങനെ ആ അവിഞ്ഞ ചിരി എന്‍റെ ജീവിതത്തിലെ പെര്‍മനന്‍റ് ചിരിയായി മാറി…..

“എന്തോന്നാഡീ…ഉറക്കത്തില്‍ ചിരിക്കുന്നോ…? വാ…ഇറങ്ങ്…”

വണ്ടിയില്‍ നിന്നിറങ്ങിയ ഞാന്‍ സ്ഥലം കണ്ട് ഞെട്ടി…

“ഇച്ചൂ…നമ്മളെന്താ ഇവിടെ…?”

“ശൂ….ശബ്ദം ഉണ്ടാക്കാതെ…നീ വാ…”

അന്നെന്നെ നേരിട്ട് കണ്ടപ്പോള്‍ ബോധം പോയിരുന്നു..(ന്‍റെ സൗന്ദര്യം കണ്ടിട്ടാണ്..അല്ലാണ്ട്.. തെറ്റിദ്ധരിക്കരുത്…) അന്നു തന്നെ തിരികെ പോയതു പോലെ തിരിച്ചു വന്നെങ്കിലും അതിനു ശേഷം എവിടെയൊക്കയോ….എന്തൊക്കയോ….ഒരു മിസ്സിംഗുണ്ട് പുള്ളിക്ക്….

സ്വന്തം കല്യാണത്തിന് സര്‍പ്രൈസ് എന്‍ഡ്രിക്ക് വേണ്ടി ലേറ്റായി വന്ന് കല്യാണം അലമ്പിയ മഹാനാണ് എനിക്ക് മുന്നേ ഒരു ബോക്സും താങ്ങി നടക്കുന്നത്….

“അതേയ്…ഈ ബോക്സിലെന്താ..?”

“മിണ്ടാതെ വരുന്നോ..അതോ…”

നേരെ പോയി കാളിംഗ് ബെല്ലിനെ രണ്ടടിച്ചു…

ബെല്ലടിച്ച് എന്തൂട്ട് സര്‍പ്രൈസ് ആണെന്ന് ചിന്തിച്ചപ്പോഴേക്കും വാതില്‍ തുറന്നു രണ്ടുപേര് പുറത്തേക്ക് വന്നു…

“ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്സറി അച്ഛാ..അമ്മാ..”

പെട്ടന്നാണ് ഇതും പറഞ്ഞ് സൈഡില്‍ നിന്നും ആള് പുറത്തേക്ക് ചാടിയത്…

Darsana S Pillai Story Book

കൈയ്യിലെ കേക്കും സര്‍പ്രൈസ് എന്‍ഡ്രിയും കണ്ട് രണ്ടാളുടെയും മുഖത്ത് ആയിരം വാട്ട്സിന്‍റെ ബള്‍ബിനെ തോല്‍പ്പിക്കുന്ന പുഞ്ചിരി വിടര്‍ന്നു….

ഒരു സര്‍പ്രൈസ് എന്‍ഡ്രിയെങ്കിലും ചളമായില്ലല്ലോ എന്ന സന്തോഷം എനിക്കും ഉണ്ടായിരുന്നു…

”ആരോര്‍ത്തില്ലേലും നീ ഒാര്‍ക്കുമെന്നറിയായിരുന്നു…വാ…”

രണ്ടാള്‍ക്കും ഒരേ സ്വരം…

ഹും…നടക്കുന്നത് കണ്ടാല്‍ തോന്നും ഇതിങ്ങേരുടെ വീടാന്ന്….ഇതെന്‍റെ വീടാ…അതെന്‍റെ അച്ചനും അമ്മയും….

സ്വന്തം പിറന്നാള്‍ മറ്റുള്ളവര്‍ ഓര്‍മ്മിപ്പിക്കുമ്പോള്‍ ഓര്‍ക്കുന്ന ഞാന്‍ എങ്ങനെ അമ്മേടേം അച്ഛയുടെയും വെഡ്ഡിംഗ് ആനിവേഴ്സറി ഒാര്‍ക്കാനാണ്…..

‘പ്യാവം ഞാന്‍….!’

അങ്ങനെ ആഘോഷങ്ങളെല്ലാം അതിമനോഹരമായി നടന്നു…
അനിയന്‍ സ്ഥലത്തില്ലാത്ത ഗ്യാപ് ഇച്ചു നന്നായി നികത്തി….

പണ്ട് ഞങ്ങളുടെ ഇഷ്ടത്തെ എതിര്‍ത്തവരുടെ തുറന്ന വായില്‍ ഈച്ച കയറിപ്പോകുന്നത് കണ്ട് ഞാന്‍ നിര്‍വൃതി അടഞ്ഞു…

യാത്ര പറഞ്ഞിറങ്ങാന്‍ നേരം ഞാന്‍ ഇച്ചുവിന്‍റെ കൈയ്യില്‍ മുറുകെ പിടിച്ചു…….

അപ്പോഴും അച്ഛയുടെ മുഖത്ത് ആ പഴയ പുഞ്ചിരി ഒട്ടും മാറ്റ് കുറയാതെ തെളിഞ്ഞ് നില്‍പ്പുണ്ടായിരുന്നു….

ആ പുഞ്ചിരി പറയാതെ പറയുന്നുണ്ടായിരുന്നു….

“എനിക്കെന്‍റെ മോളെ വിശ്വാസമാണ്…അവളുടെ തീരുമാനങ്ങളിലും എനിക്ക് വിശ്വാസമാണ്…”

അതന്നെ… “വിശ്വാസം അല്ലേ എല്ലാം….”

Leave a Reply

Your email address will not be published. Required fields are marked *