താരപദവിക്ക് കയ്യടി നേടുന്ന മാസ് സീന്‍ ചെയ്യേണ്ട കാലം കഴിഞ്ഞു: ഫഹദ് ഫാസില്‍

താരപദവി ഉറപ്പിക്കാന്‍ കയ്യടി നേടുന്ന മാസ് രംഗങ്ങള്‍ ചെയ്യേണ്ട കാലം കഴിഞ്ഞെന്ന് ഫഹദ് ഫാസില്‍. താരപദവി ഭ്രമിപ്പിക്കുന്നില്ലെന്നും, നല്ല നടനാകുകയെന്നതുതന്നെയാണ് ലക്ഷ്യമെന്നും ഫഹദ്. വൈവിധ്യമുള്ള വേഷങ്ങള്‍ ചെയ്യുക എന്നതാണ് നടന്‍ എന്ന നിലയില്‍ ആഹ്ലാദം നല്‍കുന്നത്. തൊണ്ടിമുതലിലും അതിരനിലും കാര്‍ബണിലുമെല്ലാം കഥാപാത്രങ്ങള്‍ തന്നെയായിരുന്നു സിനിമയുടെ കരുത്ത് എന്നും ഫഹദ് ഫാസില്‍.

എന്നെ ആരാധിക്കാനും എന്റെ സിനിമകള്‍ വിജയിപ്പിക്കാനും എനിക്ക് ഫാന്‍സ് അസോസിയേഷനുകള്‍ ആവശ്യമില്ല. താരപദവി ഉറപ്പിക്കാന്‍ കൈയടിനേടുന്ന മാസ് രംഗങ്ങള്‍ കൂടുതല്‍ ചെയ്യേണ്ട കാലമൊക്കെ കഴിഞ്ഞു. കുമ്പളങ്ങി നൈറ്റ്സില്‍ ഞാന്‍ നായകനല്ല. പക്ഷേ, കഥയും കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. അതുകൊണ്ടുതന്നെ കള്ളനും അത്യാഗ്രഹിയും മനോരോഗിയുമായി എത്താന്‍ എനിക്ക് മടിയില്ല.

കഥയിലേക്കും കഥാപാത്രങ്ങളിലേക്കും എത്തിച്ചേരാനായി ചില ശ്രമങ്ങള്‍ നടത്താറുണ്ടെന്നും ഫഹദ് ഫാസില്‍ മാതൃഭൂമി വാരാന്തപ്പതിപ്പ് അഭിമുഖത്തില്‍ പറയുന്നു. അന്‍വര്‍ റഷീദിന്റെ സംവിധാനത്തിലുള്ള ട്രാന്‍സ് ആണ് ഫഹദ് ഫാസിലിന്റെ അടുത്ത റിലീസ്. മനുഷ്യരുടെ പലതരം മാനസികാവസ്ഥകളെക്കുറിച്ചാണ് ട്രാന്‍സ് പറയുന്നതെന്നും ഫഹദ് ഫാസില്‍. ചുറ്റുപാടുകളില്‍നിന്ന് അകന്ന് നമ്മള്‍ നമ്മുടേതുമാത്രമായൊരു തലത്തിലേക്ക് പോകുന്ന മാനസികാവസ്ഥ. വലിയൊരു വിഷയത്തെ ഏറ്റവും ലളിതമായി അവതരിപ്പിക്കുകയാണ് ‘ട്രാന്‍സ്’.

അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ട്രാന്‍സ് ഫഹദിന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ട് ആണ്. മൂന്ന് വര്‍ഷത്തോളമെടുത്താണ് സിനിമ പൂര്‍ത്തിയാക്കുന്നത്. ഉസ്താദ് ഹോട്ടലിനും, അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജിയിലെ ആമി എന്ന ചെറു സിനിമക്കും ശേഷം അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രവുമാണ് ട്രാന്‍സ്. കന്യാകുമാരിയിലെ ചെറുപട്ടണത്തില്‍ നിന്ന് ആഗോള തലത്തില്‍ സ്വീകാര്യത നേടുന്ന വിജുപ്രസാദ് എന്ന മോട്ടിവേഷണല്‍ ട്രെയിനറെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്.

അമല്‍ നീരദ് ഛായാഗ്രഹണവും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനിംഗും. വിന്‍സന്റ വടക്കനാണ് തിരക്കഥ. ഫഹദിനൊപ്പം നസ്രിയാ നസീം, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്ജ് എന്നിവരും നെഗറ്റീവ് ഷേഡില്‍ സംവിധായകന്‍ ഗൗതം വാസുദേവ മേനോനും ചിത്രത്തില്‍ ഉണ്ട്. ജാക്‌സണ്‍ വിജയന്‍ ആണ് സംഗീത സംവിധാനം. ജാക്‌സണ്‍ വിജയനും സുഷിന്‍ ശ്യാമും ബാക്ക് ഗ്രൗണ്ട് സ്‌കോര്‍. വിനായകന്‍ ഈണമിട്ടതാണ് ടൈറ്റില്‍ സോംഗ്. എന്നാലും മത്തായിച്ചാ എന്ന ഗാനം സൗബിന്‍ ഷാഹിര്‍ ആണ് പാടിയിരിക്കുന്നത്. വിനായക് ശശികുമാറാണ് ഗാനരചന.

One thought on “താരപദവിക്ക് കയ്യടി നേടുന്ന മാസ് സീന്‍ ചെയ്യേണ്ട കാലം കഴിഞ്ഞു: ഫഹദ് ഫാസില്‍

Leave a Reply

Your email address will not be published. Required fields are marked *