ടോവിനോ തോമസ് നായകനാകുന്ന ഫോറൻസിക് എന്ന ചിത്രം ഈ വർഷം മലയാള സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. കുറച്ചു നാൾ മുൻപേ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഇന്ന് ഈ ചിത്രത്തിന്റെ ട്രൈലെർ കൂടി പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുകയാണ്. അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന ട്രൈലെർ എന്ന് തന്നെ നമുക്കിതിനെ വിശേഷിപ്പിക്കാം. ഓരോ നിമിഷവും പ്രേക്ഷകനെ ആകാംഷാഭരിതനാക്കുന്ന രീതിയിലാണ് ഈ ട്രൈലെർ ഒരുക്കിയിരിക്കുന്നത്. സാമുവൽ ജോൺ എന്ന ഫോറൻസിക് വിദഗ്ദ്ധൻ ആയാണ് ടോവിനോ തോമസ് ഈ ചിത്രത്തിലഭിനയിക്കുന്നതു. ഫോറൻസിക് സയൻസിനു പ്രാധാന്യമുള്ള ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നതെന്നു ഇതിന്റെ ട്രൈലെർ നമ്മളോട് പറയുന്നു. അതിനൊപ്പം മിസ്റ്ററിയും വൈകാരിക മുഹൂർത്തങ്ങളും ആക്ഷനുമെല്ലാം ഈ ചിത്രത്തിന്റെ ഭാഗമാണെന്നും ട്രൈലെർ സൂചന തരുന്നുണ്ട്.

ടോവിനോ തോമസിനൊപ്പം മമത മോഹൻദാസ്, രഞ്ജി പണിക്കർ, സൈജു കുറുപ്പ് തുടങ്ങിയവരും ഈ ചിത്രത്തിലെ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നവരാണ്. സെവൻത് ഡേ എന്ന സൂപ്പർ ഹിറ്റ് പൃഥ്വിരാജ് ചിത്രം രചിച്ച അഖിൽ പോളും ഒപ്പം അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഫോറൻസിക് രചിച്ചിരിക്കുന്നതും സംവിധായകർ തന്നെയാണ്. ജൂവിസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നാവിസ് സേവ്യർ, സിജു മാത്യു എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നതു അഖിൽ ജോര്ജും, സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയിയും ആണ്. ഷമീർ മുഹമ്മദ് എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ ജേക്കബിന്റെ സ്വർഗ്ഗ രാജ്യം, പൈപ്പിൻ ചുവട്ടിലെ പ്രണയം, ബിഗിൽ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ റീബ മോണിക്ക ജോണും ലില്ലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ധനേഷ് ആനന്ദും അഭിനയിക്കുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *