കോവിഡ് കാലത്ത് വരുമാനത്തിനായി വീട്ടിലൊരു ഫുഡ് സംരംഭം തുടങ്ങാം

കോവിഡ് കാലത്ത് വരുമാനം നഷ്ടപ്പെട്ട ധാരാളം ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. വീട്ടിലെ പുരുഷന്മാരോടൊപ്പം സ്ത്രീകളും ചെറിയ ബിസിനസ് തുടങ്ങിയാൽ വരുമാനക്കുറവ് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാവുന്നതാണ്.ഭക്ഷണപദാർത്ഥങ്ങളുടെ ഉൽപ്പാദനവും വിപണനവും ചെയ്യുവാൻ ഏത് തരത്തിലുള്ള ലൈസൻസ് ആണ് വേണ്ടതെന്ന ആശങ്കയിൽ മടിച്ചു നിൽക്കുന്ന ധാരാളം ആളുകൾ ഉണ്ട്. ഈ ലൈസൻസ്‌ എടുക്കുവാൻ 100 രൂപ മാത്രമേ ചെലവ് ഉള്ളൂ എന്നത് അവർക്ക് അറിയില്ലായിരിക്കാം.

ചെറിയ രീതിയിൽ വീട്ടിൽ ഭക്ഷണപദാർത്ഥങ്ങളുടെ ഉത്പാദനം തുടങ്ങുവാൻ FSSAI രെജിസ്ട്രേഷൻ മതിയാവും.ഭക്ഷ്യോൽപാദനം, സംഭരണം, വിതരണം, വിപണനം, പാക്കിങ് എന്നിവയുമായി ബന്ധപ്പെട്ട സംരംഭങ്ങൾക്ക് അത്യാവശ്യമായി വേണ്ടതാണ് ഫുഡ് – സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ(FSSAI) യുടെ സർട്ടിഫിക്കറ്റ്. ഭക്ഷണം പാകം ചെയ്യുന്ന ഇടം, അതിനുപയോഗിക്കുന്ന വെള്ളം, പായ്ക്കിങ് സാമഗ്രികൾ, ഭക്ഷണം ഉണ്ടാക്കി പായ്ക്ക് ചെയ്യുന്ന ആളിന്റെ ആരോഗ്യസ്ഥിതി എന്നിങ്ങനെ ശുചിത്വവും ആരോഗ്യകരമായ ഭക്ഷണനിർമാണവും വിതരണവും പരമാവധി ഉറപ്പാക്കിയാണ് ഈ സർട്ടിഫിക്കറ്റ് നല്‍കുന്നത്.

സംരംഭത്തിന്റെ വലുപ്പം അനുസരിച്ച് രണ്ടു തരം സർട്ടിഫിക്കേഷനുകളാണു നിലവിലുള്ളത്. 1, രജിസ്ട്രേഷൻ കാറ്റഗറി – വാർഷിക വിറ്റുവരവ് 12 ലക്ഷം രൂപയ്ക്കു താഴെയുള്ള സംരംഭകന് എഫ്എസ്എസ്എഐ റജിസ്ട്രേഷൻ മതി. അപേക്ഷയ്ക്കൊപ്പം ഫീസായി ഒരു വർഷത്തേക്ക് 100 രൂപ മതി . കോമൺ സർവീസ് സെന്റർ/ അക്ഷയ എന്നിവിടങ്ങളിൽ സർവീസ് ചാർജ് അടച്ച് ഈ രജിസ്ട്രേഷൻ എടുക്കാവുന്നതാണ്.ഒന്നു മുതൽ അഞ്ചു വർഷത്തേക്കുള്ള റജിസ്ട്രേഷൻ ഒരുമിച്ചു നേടാനാകും. വേണ്ട രേഖകൾ – അപേക്ഷകന്റെ ഫോട്ടോ, ആധാർ കാർഡ്, ഹെൽത്ത് കാർഡ് എന്നിവയാണ് അപേക്ഷിക്കാൻ വേണ്ട രേഖകൾ.

2, ലൈസൻസ് കാറ്റഗറി : വാർഷിക വിറ്റുവരവ് 12 ലക്ഷം രൂപയിൽ കൂടുതൽ ഉള്ള മീഡിയം ഉൽപാദകർക്ക് സ്റ്റേറ്റ് FSSAI ലൈസൻസും വൻകിട ഉല്‍പാദകർ, വിതരണക്കാർ, ഇറക്കുമതി ചെയ്യുന്നവർ എന്നിവർക്ക് സെൻട്രൽ FSSAI ലൈസൻസുമാണ് വേണ്ടത്.

ലൈസൻസിന് വേണ്ടി ചെയ്യേണ്ടത് ഇനി പറയുന്നവയാണ്. ലൈസൻസിനായി സംരംഭകൻ നിർദിഷ്ട ഫോം ബി യി (Form B) ൽ അപേക്ഷിക്കേണ്ടതാണ്. റജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർ (RMO), പഞ്ചായത്ത് / മുനിസിപ്പാലിറ്റി ലൈസൻസ്, സംരംഭം തുടങ്ങാൻ പോകുന്ന കെട്ടിടത്തിന്റെ ബ്ലൂ പ്രിന്റ്, മലിനീകരണ നിയന്ത്രണബോർഡിൽനിന്നുള്ള സർട്ടിഫിക്കറ്റ് എന്നിവയും സമർപ്പിക്കേണ്ടതുണ്ട്. അപേക്ഷകൾ ഓൺലൈനായും ജില്ലാതല ഫുഡ് സേഫ്റ്റി ഓഫിസറുടെ കാര്യാലയം വഴിയും സമർപ്പിക്കാം.

ഒന്നു മുതൽ അഞ്ചു വർഷം വരെ കാലയളവിലേക്കാണ് ലൈസൻസ് അനുവദിക്കുക. 5000 രൂപയാണ് ഫീസ്. ലൈസൻസ് കാലാവധി പൂർത്തിയാവുന്നതിന് ഒരു മാസം മുൻ‌പ് ഇതു പുതുക്കേണ്ടതാണ്. സംരംഭത്തിൽ നിർമിക്കാൻ പോകുന്ന ഉൽപന്നത്തിന്റെ പേരും എണ്ണവും അപേക്ഷയില്‍ വ്യക്തമാക്കണം. ലൈസൻസ് കാലാവധി പുതുക്കുമ്പോൾ ഉൽപന്നത്തിന്റെ അളവിൽ വർധന ഉണ്ടെങ്കിൽ അക്കാര്യം അറിയിക്കണം.

ഫുഡ് സേഫ്റ്റി രജിസ്ട്രേഷൻ ലഭിച്ചു കഴിഞ്ഞാൽ, പാക്ക് ചെയ്തു വിൽക്കുന്ന ഉൽപ്പന്നങ്ങൾ ആണ് തുടങ്ങുവാൻ ഉദ്ദേശിക്കുന്നതെങ്കിൽ സംരംഭകൻ ലീഗൽ മെട്രോളജി ലൈസൻസ് കൂടി എടുക്കണം. കൂടുതൽ വിവരങ്ങൾക്ക് – https://foodlicensing.fssai.gov.in/index.aspx.

വിവരങ്ങൾക്ക് കടപ്പാട് – Consumer Protection Whatsapp Group.

Leave a Reply

Your email address will not be published. Required fields are marked *