കേരള സ്റ്റാര്‍ട്ടപ് മിഷന്‍

കേരളത്തിന്റെ വികസന മുന്നേറ്റത്തിൽ വലിയ പ്രാധാന്യമാണ് സ്റ്റാർട്ടപ്പുകൾക്കുള്ളത്. നൂതനമായ ആശയങ്ങൾക്ക് രൂപം നൽകാനും, അഭ്യസ്തവിദ്യരായ യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കാനും, അവരുടെ കഴിവുകൾ സാമൂഹ്യ പുരോഗതിയ്ക്കായി ഉപയോഗിക്കാനും സ്റ്റാർട്ടപ്പ് മേഖലയെ ശക്തമാക്കേണ്ടത് അനിവാര്യമാണ്. ആ നയമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പിന്തുടരുന്നത്. അതിന്റെ ഭാഗമായി കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോളതലത്തില്‍ അവരുടെ ആശയങ്ങളും ഉൽപന്നങ്ങളും അവതരിപ്പിക്കാൻ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) ബിഗ് ഡെമോ ഡേ സംഘടിപ്പിക്കുന്നു. സാമൂഹിക പ്രസക്തിയുള്ള ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ച സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളാണ് മെയ് 24 ന് നടക്കുന്ന വെര്‍ച്വല്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അതിവേഗം വളരാന്‍ ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് ഈ പ്രദർശനം സഹായകമാകും. ആരോഗ്യം, കൃഷി, ഊര്‍ജം, ഇ-മൊബിലിറ്റി, ജലസംരക്ഷണം, റോബോട്ടിക്സ്, ഐഒടി തുടങ്ങിയ മേഖലകളില്‍ നിന്ന് കെ എസ് യു എം തെരഞ്ഞെടുത്ത പന്ത്രണ്ടോളം സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ ഉത്പ്പന്നങ്ങള്‍ അവതരിപ്പിക്കും.വിവിധ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, വ്യവസായ സംഘടനകള്‍, ഫണ്ടിംഗ് ഏജന്‍സികള്‍, എയ്ഞ്ചല്‍ നെറ്റ് വര്‍ക്കുകള്‍ എന്നിവരുടെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൊവിഡിന്‍റെ ഒന്നാം തരംഗത്തില്‍ വ്യത്യസ്ത മേഖലകള്‍ക്ക് മുന്‍തൂക്കം നല്‍കി കെഎസ് യുഎം നടത്തിയ ബിഗ് ഡെമോ ഡേയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചതിന്‍റെ പിന്‍ബലത്തിലാണ് വീണ്ടും പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *