Kadha book

എനിക്ക് ബന്ധുക്കാരുടെ മുൻപിൽ അവളെ കാണിക്കാൻ നാണക്കേടാ…

Advertisement

story
രചന: തമസാ (Vaidhehi Lakshmi)

-ശ്രീരാജ് എന്നാ ഗൾഫിലേക്ക് പോവുന്നത്?

…ഡേറ്റ് ഒന്നും തീരുമാനം ആയിട്ടില്ല ചേച്ചീ.. എത്രയും പെട്ടെന്ന് ഈ നാടൊന്നു വിട്ടാൽ മതി എന്നേ ഉള്ളൂ എനിക്ക്.. മടുത്തൂ..

– കുഞ്ഞിലേ എന്റെ കയ്യും പിടിച്ച് സ്കൂളിൽ പൊയ്ക്കൊണ്ടിരുന്ന എന്റെ കുഞ്ഞനിയന് ഇഷ്ടക്കുറവ് തോന്നില്ലെങ്കിൽ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?

…എന്റെ ഭാര്യയുടെ കാര്യം ആണെങ്കിൽ വേണ്ട ചേച്ചി.. ചിലപ്പോൾ എനിക്ക് ഇഷ്ടപ്പെടില്ല.. എനിക്ക് ശെരിക്കും മടുത്തൂ അവളെ..

– മോൻ എന്തുകൊണ്ടാ മടുത്തത് എന്ന് ചേച്ചിയോട് പറയ്‌.. അയൽക്കാരി ആയിട്ടല്ല . കൂടപ്പിറപ്പിനെ പോലെ നിന്നെ സ്നേഹിച്ചവളാ ഈ ചേച്ചി.. ഞാൻ ആരോടും പറയില്ല.. പക്ഷെ നിങ്ങൾക്കിടയിൽ എന്താ ഉണ്ടായതെന്ന് എന്നോട് പറയണം.

… ചേച്ചീ ഞങ്ങൾ 6 വർഷം സ്നേഹിച്ചിട്ട് കല്യാണം കഴിച്ചവരാണെന്ന് ചേച്ചിക്ക് അറിയാലോ.. ഇത്രയും പണമുള്ള ഞാൻ വെറും ചില്ലി കാശിനു കെട്ടിയതാ അവളെ.. എന്റെ രണ്ടുമാസത്തെ സാലറി ആണ് എനിക്ക് അവളെ കെട്ടിയ വകയിൽ കിട്ടിയ സ്ത്രീധനം… ഒഴിവാക്കാൻ നോക്കിയതാ അന്നേ എന്റെ വീട്ടുകാർ.. പക്ഷെ അമ്മ പറയുംപോലെ അവളുടെ സൗന്ദര്യം കണ്ടു മയങ്ങിപ്പോയി. ഇപ്പോ തോന്നുവാ വേണ്ടായിരുന്നു എന്ന്… ഡിവോഴ്സ് നോട്ടീസ് അയക്കണം പോവുന്നതിനു മുൻപ്.. ഒരു കടവും വെച്ചിട്ട് പോവുന്നില്ല ഗൾഫിലേക്ക്..

– അപ്പോൾ ശ്രീ എല്ലാം തീരുമാനിച്ചു അല്ലേ

…ഉവ്വ് ചേച്ചി.. എനിക്ക് ബന്ധുക്കാരുടെ മുൻപിൽ അവളെ കാണിക്കാൻ നാണക്കേടാ ..ധർമക്കെട്ട് എന്നൊക്കെയാ എല്ലാരും പറയുന്നത്… കെട്ടിയ കാലം മുതൽ നാണം കെട്ടു നടക്കുവാ ഞാൻ…

– അവളുടെ പ്രസവം എന്നത്തേക്കാ പറഞ്ഞേകുന്നത്?

… ഞാൻ ഓർക്കുന്നില്ല ചേച്ചീ.. കഴിഞ്ഞ മാസം ഞാൻ അവളുടെ വീട്ടിലേക്ക് വിളിച്ചായിരുന്നു ഗൾഫിൽ പോകാൻ ഏതാണ്ട് എല്ലാം ഓക്കേ ആയി എന്ന് പറയാൻ.. അന്ന് അവൾ ഇങ്ങോട്ട് പറഞ്ഞായിരുന്നു.. ഞാൻ അത് മറന്നു പോയി.. പിന്നെ വീടുപണിയുടെ ഒക്കെ തിരക്കല്ലായിരുന്നോ.. അതിനിടക്ക് ഇതൊക്കെ ഓർക്കാൻ ഇവിടെ ആർക്കാ നേരം.. അന്വേഷിക്കാൻ പോയാൽ പ്രസവ ചെലവും കൂടി എന്റെ പോക്കറ്റിൽ നിന്ന് പോവും.. ആദ്യത്തേത് അവരാ നോക്കേണ്ടത്.. അവളുടെ വീട് വിറ്റാൽ കിട്ടുന്ന കാശ് മതി എനിക്ക്.. എങ്കിൽ അവളെ പഴയത് പോലെ തന്നെ തിരിച്ചു കേറ്റാം.. അവരുടെ മോളുടെ ജീവിതം എങ്ങനെ വേണം എന്ന് അവളുടെ വീട്ടുകാർ തീരുമാനിക്കട്ടെ.. വല്യ കിട്ടപ്പോരോന്നും ഇല്ല ആ മഴവെള്ളം ഒലിച്ചിറങ്ങുന്ന വീട് വിറ്റാൽ. റോഡ് സൈഡ് ആയത് കൊണ്ട് നല്ല ക്യാഷ് കിട്ടും. എനിക്ക് അത്രേം മതി..

– അവർ ക്യാഷ് തന്നില്ലെങ്കിലോ?

… ഇവിടെ പട്ടുമെത്തയിൽ കിടന്നുറങ്ങിയവൾ ചോർന്നൊലിച്ച വീട്ടിൽ സ്ഥിര താമസം ആക്കിക്കോളും

– അപ്പോൾ ശ്രീയുടെ കുഞ്ഞോ? അതിനോട് ഒരു ബന്ധവും ഇല്ലേ ശ്രീയ്ക്ക്?

… എനിക്ക് ഇഷ്ടമില്ലാഞ്ഞിട്ടല്ല ചേച്ചീ. അവളെ ഇപ്പോഴും ഇഷ്ടമാണ്.. പക്ഷെ കാശിനു കാശ് തന്നെ വേണം..എന്റെ വീട്ടിൽ എനിക്ക് അന്തസ്സായി നിക്കണം.. അത്കൊണ്ട് മടുപ്പാ എനിക്ക്.. ഇപ്പോൾ ഒരു കുഞ്ഞും ഇല്ലേ .. അപ്പോൾ അവർക്ക് എന്റെ ആവശ്യം എഴുതി തള്ളാൻ പറ്റില്ല… കാശുമായി അവർ വരും എന്റെയടുത്തേക്ക്.. അന്നേ ഞാനിനി ആ കുഞ്ഞിനെപ്പറ്റി ചിന്തിക്കോളു..

– കുറച്ചു മുൻപ് അവളുടെ വീട്ടിൽ നിന്ന് എന്റെ ഫോണിലേക്ക് ഒരു കാൾ വന്നിരുന്നു.

…എന്നേ കിട്ടാത്തൊണ്ടാവും.. അവളുടെ നമ്പർ ബ്ലോക്ക്‌ ചെയ്ത് ഇട്ടേക്കുവാ ഞാൻ.. എപ്പോഴും വിളിക്കും ചെല്ലാൻ പറഞ്ഞ്..

– മ്മ്.. ഇനി അതിന്റെ ആവശ്യം ഉണ്ടാവുമെന്ന് തോന്നുന്നില്ല ശ്രീ.. അവളുടെ അച്ഛനാ വിളിച്ചത്..കുഞ്ഞുണ്ടായിട്ട് രണ്ട് ദിവസം കഴിഞ്ഞു.. പ്രസവത്തോടെ അവൾക്കു സമനില തെറ്റി.. ആരോടും സംസാരിക്കുന്നില്ല… കുട്ടിക്ക് ആരോഗ്യക്കുറവ് ഉള്ളത്കൊണ്ട് ആ ഹോസ്പിറ്റലിൽ നിന്ന് വേറെ ഹോസ്പിറ്റലിലേക്ക് മാറ്റി..കുഞ്ഞ് രക്ഷപെടാൻ ചാൻസ് ഇല്ലെന്ന പറഞ്ഞത്.. സമനില തെറ്റിയ ആൾ ഏതായാലും ഇനി ശ്രീയെ വിളിക്കില്ലല്ലോ..
പിന്നെ കേട്ടപ്പോൾ തന്നെ ഓടി വന്ന് പറയാമെന്നു കരുതിയതാ.. പക്ഷെ അമ്മ പറഞ്ഞു അതൊന്നും കേട്ടാൽ നിന്റെ മനസ് മാറില്ല എന്ന് .. ചിന്തിക്കാൻ ഇനിയും സമയം ഉണ്ട് ശ്രീയ്ക്ക് . സ്വന്തം ചോരയെ ഓരോ മുട്ടായുക്തി പറഞ്ഞു നരകിപ്പിക്കണോ അതോ കാശിന്റെ ബുദ്ധിമുട്ട് കൊണ്ട് അവർക്ക് നൽകാൻ പറ്റാത്ത ചികിത്സ നൽകി ആരോഗ്യത്തോടെ ആ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിക്കണോ എന്ന്.. ഞാൻ നിർബന്ധിക്കുന്നില്ല….ഒരു സ്ത്രീയുടെ ഗർഭപാത്രത്തിൽ ബീജം നിക്ഷേപിച്ചതുകൊണ്ട് മാത്രം ഈ ലോകത്തിൽ ഒരാണും അച്ഛനായിട്ടില്ല…
..ശ്രീയ്ക്ക് നല്ലൊരച്ഛനാവാൻ യോഗം കാണില്ല.. അതാവും.. “

വായിൽ തോന്നിയതൊക്കെ പറഞ്ഞിട്ട് എന്റെ വീട്ടിലേക്കു കേറുന്നതിനു മുന്നേ ഞാൻ തിരിഞ്ഞ് നോക്കി.. ശ്രീ അനക്കമില്ലാതെ ഇരിക്കുന്നത് എനിക്ക് കാണാമായിരുന്നു…
അര മണിക്കൂർ കഴിഞ്ഞപ്പോൾ അവന്റെ കാർ അതിവേഗത്തിൽ ഗേറ്റ് കടന്ന് പോവുന്നത് എന്റെ ജനലിലൂടെ ഞാൻ കണ്ടു.. പിറ്റേ ദിവസം വൈകുന്നേരം എന്നേ തേടി ശ്രീയുടെ കോൾ വന്നു..

“ചേച്ചീ… ഞാൻ എന്റെ മോളെ കണ്ടു… ഇന്നലെ ചേച്ചിയെന്നോട് അങ്ങനെ സംസാരിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഞാനെന്റെ കുഞ്ഞിനെ ജീവനോടെ കാണില്ലായിരുന്നു… കുഞ്ഞു സുഖമായി വരുന്നു… അവളെയും ഞാൻ തിരിച്ചു കൊണ്ടുവരും ജീവിതത്തിലേക്ക്.. ഒരുപാട് നന്ദിയുണ്ട് ചേച്ചീ…. “

എനിക്ക് തിരിച്ചു പറയാൻ ഒന്നുമില്ലായിരുന്നു .. പ്രാർത്ഥന മാത്രമേ ഉള്ളൂ…

Advertisement
Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close