അഞ്ചാം പാതിരാ കണ്ട പൃഥ്വിരാജ് വലിയ ആവേശത്തിലായിരുന്നു: മിഥുൻ മാനുവൽ തോമസ്

ഈ വർഷം മലയാള സിനിമയിലെ വമ്പൻ വിജയം നേടിയ ചിത്രങ്ങളിലൊന്നാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിരാ. കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് ആഷിക് ഉസ്മാനാണ്. ആഗോള കളക്ഷനായി നാൽപ്പതു കോടി രൂപയ്ക്കു മുകളിൽ നേടിയ ഈ ചിത്രം ടോട്ടൽ ബിസിനസ്സിലൂടെ അമ്പതു കോടിക്ക് മുകളിലും നേടി. പ്രേക്ഷകരും നിരൂപകരും ഒരുപോലെ കയ്യടി നൽകിയ ഈ ചിത്രം യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും ഏറെയിഷ്ടപ്പെട്ടു എന്ന് പറയുകയാണ് മിഥുൻ മാനുവൽ തോമസ്. അഞ്ചാം പാതിരാ കണ്ട പൃഥ്വിരാജ് ഏറെ ആവേശത്തിലായിരുന്നു എന്നും ചിത്രത്തെ കീറി മുറിച്ചു തന്നോട് പൃഥ്വിരാജ് ചർച്ച ചെയ്തു എന്നും മിഥുൻ മാനുവൽ തോമസ് വെളിപ്പെടുത്തുന്നു. ഇത് തന്റെ ഏഴാമത്തെ ചിത്രമാണെന്നും എന്നാൽ തന്റെ കരിയറിൽ ആദ്യമായാണ് സിനിമാ ഇൻഡസ്ട്രിയിൽ നിന്നും തനിക്കു ഇത്രയേറെ പ്രശംസ ലഭിക്കുന്നതെന്നും മിഥുൻ പറയുന്നു. മമ്മൂട്ടി മുതൽ, അൻവർ റഷീദ് വരെ തന്നെ വിളിച്ചു, ഈ ചിത്രത്തെ കുറിച്ചുള്ള അവരുടെ ചിന്തകൾ പങ്കു വെച്ചു എന്നും അതിൽ ചിലർ ചോദിച്ചത് കോമഡി സിനിമകളിൽ നിന്ന് ഇത്ര ഈസി ആയി താൻ എങ്ങനെ ത്രില്ലറിലേക്കു എത്തി എന്നായിരുന്നു എന്നും ഈ സംവിധായകൻ വെളിപ്പെടുത്തുന്നു. അതിൽ പൃഥ്വിരാജ് ആയിരുന്നു ഏറെ ആവേശത്തിൽ ഈ ചിത്രം ഇഴ കീറി പരിശോധിച്ചു കൊണ്ട് തന്നോട് സംസാരിച്ച ഒരാൾ എന്നാണ് മിഥുൻ പറയുന്നത്.

കുഞ്ചാക്കോ ബോബന് ഒപ്പം ഒരു വലിയ താര നിര തന്നെ അഞ്ചാം പാതിരായിൽ അണിനിരന്നിട്ടുണ്ട്. ശ്രീനാഥ് ഭാസി, ഷറഫുദീൻ, ജിനു ജോസഫ്, ഹരികൃഷ്ണൻ, ഉണ്ണിമായ, രമ്യ നമ്പീശൻ, അഭിരാം, ജാഫർ ഇടുക്കി, മാത്യു തോമസ്, സുധീഷ് തുടങ്ങിയ ഒട്ടേറെ പ്രശസ്ത നടീനടന്മാർ ഈ ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന അൻവർ ഹുസൈൻ എന്ന ഒരു പോലീസ് കണ്‍സള്‍ട്ടിങ് ക്രിമിനോളജിസ്റ്റ് ആയ കഥാപാത്രം നടത്തുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ആണ് അഞ്ചാം പാതിരായിലൂടെ സംവിധായകൻ നമ്മുടെ മുന്നിലവതരിപ്പിക്കുന്നതു. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് ഈ ചിത്രം നേടിയെടുത്തത്. അതുപോലെ മിഥുൻ മാനുവൽ തോമസിന്റെ കരിയറിലെയും ഏറ്റവും വലിയ ഹിറ്റാണ് ഈ ചിത്രം. ആട് ഒരു ഭീകര ജീവിയാണ്, അലമാര, ആൻ മരിയ കലിപ്പിലാണ്, ആട് 2, അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് എന്നിവയാണ് മിഥുൻ മാനുവൽ തോമസ് ഇതിനു മുൻപ് ഒരുക്കിയ ചിത്രങ്ങൾ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *